കഴക്കൂട്ടം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ സ്റ്റാഫ് ക്വാർട്ടേഴ്സുകളിൽ കവർച്ച. കാമ്പസ് ലൈബ്രേറിയൻ ഡോ. ഷിഹാബ്, ജേർണലിസം പ്രഫസർ ഡോ. രാജേഷ് എന്നിവരുടെ ക്വാർട്ടേഴ്സുകളിലാണ് കവർച്ച നടന്നത്.
ഇന്നലെ രാവിലെ ഒന്പതോടെ അടുത്തടുത്ത സമയങ്ങളിലായി രണ്ടു വീടുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. രാവിലെ 9.30 ഓടെ ഡോ. ഷിഹാസ് ജിമ്മിൽ പോയ സമയം നോക്കി മുൻവാതിൽ തകർത്തായിരുന്നു ആദ്യമോഷണം. അലമാരയിലുണ്ടായിരുന്ന ഒരു ഗ്രാം സ്വർണക്കമ്മലാണു മോഷ്ടിച്ചത്.
വിവരമറിഞ്ഞ് സർവകലാശാല സുരക്ഷാവിഭാഗവും കാമ്പസിവെ മറ്റു താമസക്കാരും പരിശോധന നടത്തുന്നതിനിടെയാണു ഡോ. രാജേഷിന്റെ ക്വാർട്ടേഴ്സിൽ കവർച്ച നടന്നത്. ഉച്ചഭക്ഷണത്തിനായി രാജേഷ് എത്തിയപ്പോഴാണ് പൂട്ടു തകർത്ത നിലയിൽ കണ്ടത്. ഇവിടെനിന്ന് പതിനായിരം രൂപ നഷ്ടപ്പെട്ടു.
താമസക്കാരുടെ നീക്കങ്ങൾ മനസിലാക്കിയ ആരോ ആണ് മോഷണത്തിനു പിന്നിലെന്നാണ് നിഗമനം. കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.